Advertisement

views

Famous Personalities - Lakshmi N Menon


1957 മുതല്‍ 1967 വരെ കേന്ദ്രമന്ത്രിയായിരുന്ന ലക്ഷ്മി എൻ. മേനോൻ കേന്ദ്രത്തിൽ മന്ത്രി സ്ഥാനം വഹിക്കുന്ന ആദ്യ മലയാളി വനിതാ ആയിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ഇവർ 1957 മുതൽ 1962 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ഉപമന്ത്രിയായും 1962 മുതൽ 1966 വരെ സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1899 മാർച്ച് 27നു തിരുവനന്തപുരത്ത്‌ ജനിച്ചു. കേരള യുക്തിവാദ പ്രസ്ഥാനത്തിന്റെ ആദ്യകാല വക്താവും എഴുത്തുകാരനുമായിരുന്ന എം. രാമവര്‍മ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായിരുന്നു ലക്ഷ്‌മി. എം.എ., എല്‍.ടി.എന്‍.എന്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്‌. തിരുവനന്തപുരം, ചെന്നൈ, ലണ്ടന്‍, ലഖ്‌നൗ എന്നിവിടങ്ങളിലായിരുന്നു പഠനം. 1930-ൽ കൊച്ചി മുന്‍ വിദ്യാഭ്യാസ ഡയറക്‌ടറും പാട്‌ന-കേരള യൂണിവേഴ്‌സിറ്റികളിലെ മുന്‍ വൈസ്‌ ചാന്‍സലറുമായിരുന്ന നന്ദന്‍മേനോനെയാണ്‌ ലക്ഷ്‌മി വിവാഹം ചെയ്‌തത്‌.

വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. ഓള്‍ ഇന്ത്യ വിമന്‍സ്‌ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച ലക്ഷ്മി മേനോന് 1957-ൽ പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

ഐക്യരാഷ്‌ട്ര സഭയുടെ വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ അദ്ധ്യക്ഷയായും ഇവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള മദ്യനിരോധന സമിതിയുടെ ആദ്യ പ്രസിഡന്റ് കൂടിയായിരുന്നു ലക്ഷ്മി. സ്ത്രീകൾക്കിടയിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനുള്ള അഖിലേന്ത്യാ കമ്മിറ്റി പ്രസിഡന്റായും 1972 മുതൽ 1985 വരെ കസ്തൂർബ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർമാനായും പ്രവർത്തിച്ചു. ചേരിചേരാനയം, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇവര്‍ ഒരു പ്രധാന പങ്കു വഹിച്ചു.

1967 ൽ രാഷ്ട്രീയ സേവനത്തിൽ നിന്ന് വിരമിച്ച ശേഷം, സാമൂഹ്യപ്രവർത്തനത്തിലേക്കും എഴുത്തിലേക്കും ഇവർ തിരിഞ്ഞു. `ദ പൊസിഷന്‍ ഓഫ്‌ വുമണ്‍' എന്നൊരു ഗ്രന്ഥത്തിന്റെ രചയിതാവാണ് ലക്ഷ്മി. ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ സമുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പുസ്തകം രചിച്ചത്.

1994 നവമ്പർ 30 ന്  അന്തരിച്ചു.



Post a Comment

0 Comments