Advertisement

views

Famous Personalities - Swadeshabhimani Ramakrishna Pillai


പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട പ്രതികാരത്തിന്റെ കേരളത്തിലെ ആദ്യത്തെ ഇരയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റെയും ശക്തനായ വക്താവായിരുന്നു അദ്ദേഹം. പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള.  കെ. രാമകൃഷണപിള്ള എന്നായിരുന്നു യഥാര്‍ത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. 

1878 മേയ് 25-ന് നെയ്യാറ്റിന്‍കരയില്‍ മുല്ലപ്പള്ളി വീട്ടില്‍ രാമകൃഷ്ണപിള്ള ജനിച്ചു. അച്ഛന്‍ നരസിംഹന്‍ പോറ്റിയും അമ്മ ചക്കിഅമ്മയുമായിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് തന്നെ രാമകൃഷ്ണപ്പിള്ള കേരള ദര്‍പ്പണം, കേരള പഞ്ചിക, മലയാളി, കേരളന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. 1905ല്‍ ‘കേരളന്‍’ എന്ന മാസിക ആരംഭിച്ചു. ഇത് തുടര്‍ന്നു നടത്താനാവാതെ വന്നപ്പോഴാണ് സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തത്. 

അപ്പോഴാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് അദ്ദേഹത്തെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ക്ഷണിച്ചത്. മുസ്ലിം സമുദായ പരിഷ്‌കര്‍ത്താവും പണ്ഡിതനുമായ വക്കം മൗലവി 1905-ല്‍ അഞ്ചുതെങ്ങില്‍ സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചിരുന്നു. 1906 ജനുവരി 17ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. 

അബ്ദുള്‍ ഖാദര്‍ മൗലവി (വക്കം മൗലവി) എന്ന ബഹുഭാഷാപണ്ഡിതന്‍ 'സ്വദേശാഭിമാനി' എന്ന പത്രത്തിന്റെ ഉടമയായിരുന്നു. പത്രം നടത്തിപ്പില്‍ പൂര്‍ണ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തുകൊണ്ട് വക്കം മൗലവി രാമകൃഷ്ണപിള്ളയെ 'സ്വദേശാഭിമാനി'യുടെ പത്രാധിപസ്ഥാനം ഏല്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി വിദ്യാര്‍ത്ഥി മാസികയും വനിതകള്‍ക്കായി 'ശാരദ' മാസികയും രാമകൃഷ്ണപിള്ള ആരംഭിച്ചു. 'ശാരദ' മാസികയുടെ പത്രാധിപര്‍ ബി. കല്യാണി അമ്മയായിരുന്നു.

അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ആള്‍രൂപമായി മാറിക്കഴിഞ്ഞിരുന്ന കൊട്ടാരം മാനേജരായിരുന്ന ശങ്കരന്‍ തമ്പിയെ രാജ്യനന്മയ്ക്കു വേണ്ടി നാടുകടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് 1909 ഏപ്രില്‍ 14ന് 'ശങ്കരന്‍ തമ്പിയെ നാടുകടത്തരുതോ' എന്ന പേരില്‍ രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയില്‍ മുഖപ്രസംഗമെഴുതി. ഈ മുഖപ്രസംഗമാണ്, സ്വദേശാഭിമാനിയെ തന്നെ നാടുകടത്തിയാലെന്താണെന്ന ചിന്ത സേവകവൃത്തങ്ങളില്‍ പ്രബലപ്പെടുത്തിയത്. 

1907-ല്‍ തിരുവിതാംകൂര്‍ ദിവാനായ പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ 'സ്വദേശാഭിമാനി' പത്രം നിശിതമായി വിമര്‍ശിച്ചു. അഴിമതിക്കും അനീതിക്കുമെതിരേ നിര്‍ഭയനായ രാമകൃഷ്ണപിള്ള തന്റെ തൂലിക ചലിപ്പിച്ചു.  നെയ്യാറ്റിന്‍കര താലൂക്കിന്റെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയിലേക്ക് രാമകൃഷ്ണപിള്ള എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും  ഗൂഢാലോചനയിലൂടെ തത്പരകക്ഷികള്‍ അദ്ദേഹത്തെ ഒഴിവാക്കി. ദിവാന്റെ അഴിമതിയും സ്വഭാവദൂഷ്യങ്ങളും  സ്വദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്തത് അധികാരികളെ ചൊടിപ്പിച്ചു. 

1910 സെപ്റ്റംബര്‍ 26-ന് സ്വദേശാഭിമാനി പ്രസ്സും പിള്ളയുടെ വീടും പോലീസ് അടച്ചുപൂട്ടി മുദ്രവെക്കുകയും പത്രാധിപരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അന്നുരാത്രിതന്നെ അദ്ദേഹത്തെ നാടുകടത്തി. പിറ്റേദിവസം അദ്ദേഹം തിരുനെല്‍വേലിയിലെത്തി. 

1911 ല്‍ അദ്ദേഹം തന്റെ ആത്മകഥ ‘എന്റെ നാടുകടത്തല്‍’ പ്രസിദ്ധീകരിച്ചു. 1912 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘വൃത്താന്ത പത്ര പ്രവര്‍ത്തനം’ മലയാള ഭാഷയിലെ പത്ര പ്രവര്ത്തനത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകമായി മാറി. നാടുകടത്തലിനെ പറ്റി അദ്ദേഹം തന്നെ എഴുതിയ എന്റെ നാടുകടത്തല്‍ എന്ന പുസ്തകത്തില്‍ നിന്നും അത് പോലെ ഭാര്യ കല്യാണിയമ്മ എഴുതിയ ‘ വ്യാഴവട്ട സ്മരണകള്‍ ’ എന്ന പുസ്തകവും നാടുകടത്തലിനെയും അതിനുശേഷമുള്ള കാലത്തേയും വിവരിക്കുന്നു. 

മലേഷ്യയിലെ മലയാളികള്‍ പിള്ളയെ 'സ്വദേശാഭിമാനി' എന്ന ബിരുദം നല്കി ആദരിച്ചു. 1912 സെപ്റ്റംബര്‍ 28-ന് പാലക്കാട് നടന്ന മഹാസമ്മേളനത്തില്‍ വെച്ചായിരുന്നു മഹത്തായ ഈ അംഗീകാരം നല്കിയത്. അതോടെ അദ്ദേഹം 'സ്വദേശാഭിമാനി' എന്നറിയപ്പെട്ടു. നാടുകടത്തലിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ താമസിച്ചശേഷം 1915-ല്‍ പിള്ളയും കുടുംബവും കണ്ണൂരിലെത്തി. കേസ് നടത്തലും പത്രപ്രവര്‍ത്തനവും സാഹിത്യരചനയുമായി രാമകൃഷ്ണപിള്ള മലബാറില്‍ കഴിച്ച് കൂട്ടി. 

മാപ്പുപറഞ്ഞാല്‍ തിരുവിതാംകൂറിലേക്ക് തിരിച്ചുവരാന്‍ ഏര്‍പ്പാടുണ്ടാക്കാമെന്നും പ്രസ്സ് തിരിച്ചു നല്‍കാമെന്നും ദൂതന്മാര്‍ രാമകൃഷ്ണപിള്ളയെ അറിയിച്ചു. പക്ഷെ തിരുവിതാംകൂറുമായിട്ടുള്ള എല്ലാ ബന്ധങ്ങളും താന്‍ അവസാനിപ്പിച്ചുവെന്നും തന്റെ മക്കള്‍ പോലും ആ സര്‍ക്കാരിന്റെ സഹായം സ്വീകരിക്കരുതെന്നുമായിരുന്നു രാമകൃഷ്ണപിള്ളയുടെ മറുപടി.

വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തെ രോഗിയാക്കി. വായനയും എഴുത്തും ചിന്തയും ഈ രോഗാവസ്ഥയില്‍  ശരീരത്തെ തകര്‍ക്കും എന്ന് ഭാര്യ ഓര്‍മപ്പെടുത്തിയപ്പോള്‍ ''എഴുതിക്കൊണ്ടിരിക്കെ മരിക്കണമെന്നതാണ് എന്റെ ആഗ്രഹം'' എന്നാണ് സ്വദേശാഭിമാനി പറഞ്ഞത്. 1916 മാര്‍ച്ച് 28-ന് സ്വദേശാഭിമാനി 38-ാം വയസ്സില്‍ കണ്ണൂരില്‍വെച്ച് അന്തരിച്ചു. അവിടെ പയ്യാമ്പലം കടപുറത്തായിരുന്നു അന്ത്യകര്‍മ്മം നടന്നത്.

പ്രധാന ഗ്രന്ഥങ്ങള്‍: 'വൃത്താന്ത പത്രപ്രവര്‍ത്തനം', ഭാര്യാധര്‍മ്മം, ബാലബോധിനി, കൃഷിശാസ്ത്രം, സോക്രട്ടീസ്, അങ്കഗണിതം, കാള്‍ മാര്‍ക്സ്, ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, പൗരവിദ്യാഭ്യാസം.


Post a Comment

0 Comments