Advertisement

views

Famous Personalities : Kuttikrishna Marar


മലയാള സാഹിത്യ നിരൂപകന്മാരില്‍ പ്രമുഖനാണ്‌ കുട്ടികൃഷ്ണമാരാര്‍. ഭാഷാ ശാസ്ത്രജ്ഞൻ, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു കുട്ടികൃഷ്ണമാരാർ. 

മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്ട്‌ കരിക്കാട്ട്‌ മാരാത്ത്‌ കഷ്ണമാരാരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1900- ജൂൺ 14 ന് ഇദ്ദേഹം ജനിച്ചു, പട്ടാമ്പി സംസ്‌കൃത കോളേജില്‍ പുന്നശ്ശേരി നീലകണ്ഠശര്‍മയുടെ ശിഷ്യനായി സംസ്കൃതത്തില്‍ പാണ്ഡിത്യം നേടി. ശിരോമണിപരീക്ഷ പാസ്സായതിനുശേഷം മാതൃഭൂമിയില്‍ പ്രുഫ്‌ റീഡറായി ജോലി ചെയ്തു. മലയാളത്തില്‍ ഇദ്ദേഹമെഴുതിയ വിമര്‍ശനങ്ങൾ  മാതൃഭൂമിയില്‍ കൂടിയാണ്‌ ആദ്യം പുറത്തുവന്നത്‌. അങ്ങനെ സാഹിത്യ നിരൂപകന്‍ എന്ന നിലയില്‍ മാരാര്‍ അറിയപ്പെടാന്‍ തുടങ്ങി.

മഹാകവി വള്ളത്തോളുമായുള്ള അടുത്തബന്ധം മലയാള സാഹിത്യവുമായി അദ്ദേഹത്തെ കൂടുതല്‍അടുപ്പിച്ചു. പ്രൗഡങ്ങളായ നിരവധി കൃതികാൾ അദ്ദേഹം മലയാള സാഹിത്യത്തിനു സംഭാവന ചെയ്തു.

മാരാര്‍ ആദ്യമെഴുതിയ കൃതിയാണ്‌ സാഹിത്യ ഭൂഷണം. എ.ആര്‍.രാജരാജവര്‍മയുടെ 'സാഹിത്യസാഹ്യം' എന്ന കൃതിയുടെ പശ്ചാത്തലത്തില്‍ സാഹിത്യ സിദ്ധാന്തങ്ങളെ വിലയിരുത്തുകയാണ്‌ ഈ കൃതിയില്‍. ശുദ്ധമായ മലയാളം എന്ത്‌, എങ്ങനെ എന്ന്‌ വിശദീകരിക്കുന്ന "മലയാള ശൈലി” എന്ന കൃതി ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികൾക്ക്‌ എന്നും പാഠപുസ്തകമാണ്‌.

കുട്ടികൃഷ്ണമാരാര്‍ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതിയാണ്‌ കല ജീവിതം തന്നെ. കല കലയ്ക്കു വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്നചര്‍ച്ച നടക്കുമ്പോൾ കല ജീവിതം തന്നെയെന്ന്‌ മാരാര്‍ സമര്‍ഥിച്ചു. 30 ഉപന്യാസങ്ങളോടുകുൂടിയ ഈ കൃതി സാഹിത്യ വിദ്യാര്‍ഥികൾക്ക്‌ ഏറെ സഹായകമാണ്‌. ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1948 ലാണ് മഹാഭാരതത്തെ ഇതിവൃത്തമാക്കി അദ്ദേഹം "ഭാരതപര്യടനം" എന്ന കൃതി എഴുതുന്നത്. വ്യാസ മഹാഭാരത പഠനകൃതിയാണിത്‌. മഹാഭാരത കഥകളിലേക്ക്‌ സഹൃദയത്വത്തോടെയും അസാധാരണമായ ഉൾക്കാഴ്ചയോടെയും കടന്നുചെല്ലുന്ന ഒരാസ്വാദകനാണ്‌ മാരാര്‍. അമാനുഷികർ എന്ന് കാലം അടയാളപ്പെടുത്തിയ ഇതിഹാസ കഥാപാത്രങ്ങളെ മനുഷ്യരുടെ ഗുണങ്ങൾ നൽകി, വെറും മനുഷ്യരാക്കി മാറ്റി നിർത്തി, അവരുടെ ശക്തി ദൗര്‍ബല്യങ്ങൾ തുറന്നു കാണിക്കുന്നു. അങ്ങനെ വിശകലനം ചെയ്യുക എന്നത് അത്ര എളുപ്പമല്ല, കാരണം ചരിത്രം എന്നത് ഇവിടെ മിത്താണെങ്കിൽ പോലും വിശ്വാസത്തിന്റേതായ ആശയങ്ങൾ ഒരു വിഷയം തന്നെയാണ്. എന്നാൽ മാരാരെ പോലെ ഒരു എഴുത്തുകാരൻ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങി എന്നത് തന്നെ അഭിനന്ദനം അർഹിക്കുന്നുണ്ട്. ലോകം എന്നത് നന്മയുടെയും തിന്മയുടെയും സങ്കലനമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നുണ്ട് മാരാരുടെ ഏറ്റവും പ്രശസ്തമായ "ഭാരതപര്യടനം". ‘ഭാരതപര്യടന‘ത്തിനു മദ്രാസ് ഭരണകൂടത്തിന്റെ പുരസ്കാരം ലഭിച്ചു.

സാഹിത്യ സല്ലാപം, രാജാങ്കണം, സാഹിത്യവിദ്യ, ചര്‍ച്ചായോഗം, ദന്തഗോപുരം, ഋഷിപ്രസാദം, വൃത്തശില്പം എന്നിവ മാരാരില്‍നിന്നും മലയാള സാഹിത്യത്തിനു ലഭിച്ച പ്രൗഢമായ കൃതികളാണ്‌.

വിശ്വമഹാകവിയായ കാളിദാസന്റെ മിക്ക കൃതികൾക്കും ഇദ്ദേഹം ഗദ്യപരിഭാഷ തയ്യാറാക്കിയിട്ടുണ്ട്‌. തന്‍റ പ്രൗഢമായ ഗദ്യശൈലി കൊണ്ട്‌ മലയാള സാഹിത്യത്തെ

സമ്പന്നമാക്കിയ കുട്ടികൃഷ്ണ മാരാർ 1973 ഏപ്രില്‍ 6 തീയതി നമ്മെ വിട്ടു പിരിഞ്ഞു.


Post a Comment

0 Comments