Advertisement

views

നാഴിയും ഇടങ്ങഴിയും മറ്റ് അളവുകളും | Kerala PSC GK | Study Notes

നാഴിയും ഇടങ്ങഴിയും മറ്റ് അളവുകളും 

കേരളത്തിൽ അടുത്ത കാലം വരെ പ്രചാരത്തിലുണ്ടായിരുന്ന അളവുപകരണങ്ങളെ അടുത്തറിയുന്നത് ഇവിടെ നിലനിന്നിരുന്ന ജീവിതരീതികൾ മനസ്സിലാക്കാൻ സഹായകരമാണ്. ഒപ്പം കൗതുകകരവും വർഷങ്ങളായി ഉപയോഗിച്ചുപോന്ന ഇത്തരം ഉപകരണങ്ങളിൽ ചിലതെല്ലാം ഇപ്പോഴും പ്രചാരത്തിലുണ്ട്.പ്രത്യേകിച്ചും നാട്ടിൻപുറങ്ങളിൽ. 

നാഴി, ഇടങ്ങഴി, പറ തുടങ്ങിയവയായിരുന്നു ധാന്യങ്ങളും മറ്റും അളക്കുന്നതിനുള്ള അളവുകൾ. ഉഴക്ക്, നാഴി, ചങ്ങഴി, തൂണി, പറ തുടങ്ങിയവ ഇതിനുള്ള അളവുപകരണങ്ങളും. രണ്ട് ഉഴക്ക് ചേർന്നാൽ ഒരു ഉരിയും രണ്ട് ഉരി ചേരുമ്പോൾ ഒരു നാഴിയും ആയി. 300 മില്ലിലിറ്റർ ആണ് ഒരു നാഴി. നാല് നാഴി ചേർന്നാൽ ഒരു ഇടങ്ങഴി. അരിയും നെല്ലും മറ്റും അളക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നാണ് ചങ്ങഴി. തടി കൊണ്ടാണ് മിക്ക അളവ് പത്രങ്ങളും നിർമിച്ചിരുന്നത്. 

ആറ് നാഴി ചേർന്നാൽ ഒരു നാരായം. ഏഴു നാരായം ഒരു പറ അല്ലെങ്കിൽ 10 ഇടങ്ങഴി ചേരുമ്പോൾ ഒരു പറ.

പാല്, എണ്ണ തുടങ്ങിയ ദ്രാവകങ്ങളുടെ അളവിന് തുടം, ഇടങ്ങഴി  തുടങ്ങിയ അളവുകൾ ഉപയോഗിച്ചിരുന്നു. സ്വർണം മുതലായ വിലയേറിയ ലോഹങ്ങൾ തൂക്കുന്നതിന് സൂക്ഷ്മതയുള്ള ത്രാസ്സും ചെറിയ തൂക്കപ്പടികളും ഉപയോഗത്തിലിരുന്നു. നെന്മണി, കുന്നിക്കുരു, മഞ്ചാടിക്കുരു, കാൽപ്പണമിട, അരപ്പണമിട, ഒരുപണമിട, കാൽപ്പവൻ,അരപ്പവൻ, ഒരു പവൻ, ഒരു ഉറുപ്പിക എന്നീ ഭാരക്കട്ടികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

തോല, പൗണ്ട്, മന്ന് തുടങ്ങിയവ പഴയകാലത്തെ ചില തൂക്കക്കട്ടികളാണ്. 11.66 ഗ്രാം ആണ് ഒരു തോല തൂക്കം. പഴയകാല അളവ് ഉപകരണങ്ങളിൽ പലതും പൗരാണിക സ്വത്തുക്കളെന്ന നിലയിൽ സൂക്ഷിച്ചു വെക്കാനുള്ളതായി മാറി. പൊടിതട്ടിയെടുത്ത് പോളീഷ് ചെയ്ത് സ്വീകരണമുറികൾ അലങ്കരിക്കാനുപയോഗിക്കുന്നവരും കുറവല്ല. 'പുരാതന വസ്തുക്കൾ' വിൽക്കുന്ന കടകളിലും ഇവയ്ക്ക് പലതിനും മോഹവില.

കാലം മാറിയെങ്കിലും പറ പോലുള്ള അളവുപകരണങ്ങൾക്ക് ഐശ്വര്യത്തിന്റെ പ്രതീകമായി ഇന്നും കരുതിപ്പോരുന്നു. ഹൈന്ദവാചാര പ്രകാരമുള്ള  മംഗള കർമ്മങ്ങളിൽ മാറ്റി നിർത്താനാവാത്ത പ്രാധാന്യമാണ് പറയ്ക്കുള്ളത്. നിറപറയും നിലവിളക്കും ഏത് പവിത്രവേദിയിലെയും മംഗള സാന്നിധ്യമാണ്. ക്ഷേത്രോത്സവങ്ങളിലും പറയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഉത്സവങ്ങളുടെ  ഭാഗമായി നടക്കുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് പറയെടുപ്പ്. സമ്മേളനവേദികളിലും ചടങ്ങുകളിലും നിലവിളക്കിനൊപ്പം നിറപറ ഒരുക്കിവെക്കുന്നതും കേരളീയരുടെ രീതിയാണ്. കാർഷിക പ്രധാനമായ കേരളീയ ജീവിതത്തിന്റെ ശേഷിപ്പുകൂടിയാണിത്. 

Post a Comment

0 Comments