സംഘകാല തിണകൾ
എൽ.ഡി.സി. പരീക്ഷയിൽ സംഘകാല തിണകളെപ്പറ്റിയുള്ള ചോദ്യം പതിവാണ്. പലർക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ മേഖലയിൽ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ.തമിഴ് ഭാഷയിലെ അതിപ്രാചീനമായ ഗാനകൃതികളാണ് സംഘ സാഹിത്യം എന്നറിയപ്പെടുന്നത്. കേരളവും പ്രാചീനകാലത്ത് തമിഴകത്തിന്ടെ ഭാഗമായിരുന്നു. അതിനാൽ സംഘകാലകൃതികളുടെ പഠനം കേരളത്തിന്റെ സാംസ്കാരിക പഠനത്തിന്ടെ ഭാഗമാണ്.
സംഘകാലഘട്ടം
സംഘകാലഘട്ടം ഏതാണെന്നതിൽ ഏകാഭിപ്രായമില്ല. പൗരാണികത മഹത്വത്തിന്റെ മാനദണ്ഡമെന്ന ധാരണയാലാകാം തമിഴ് ചരിത്രകാരന്മാർ സംഘകാലത്തെ ക്രിസ്തുവിനു മുൻപുള്ള കാലത്തേക്കു കൂട്ടിക്കൊണ്ടു പോയിട്ടുള്ളത്. ക്രിസ്തു വർഷത്തിനിരുപുറമായി സംഘകാലത്തെ പരിഗണിക്കുന്നവരുണ്ട്. ക്രിസ്തു വർഷം ഒന്ന് മുതൽ നാലുവരെയും നാലു മുതൽ എട്ടുവരെയുമുള്ള നൂറ്റാണ്ടുകൾ സംഘകാലമായി കണക്കാക്കപ്പെടുന്നു. എ.ഡി. ആദ്യ നൂറ്റാണ്ടുകൾ എന്നാണ് സംഘകാലത്തെ പൊതുവെ കണക്കാക്കിയിട്ടുള്ളത്.
സംഘ സാഹിത്യം
സംഘകാല ജീവിതത്തെയും ഭൂപ്രകൃതിയെയും കുറിച്ച് അറിവ് നൽകുന്ന സുപ്രധാന രേഖയാണ് സംഘം കൃതികൾ. പുരാതന തമിഴ് ഗാനസമുച്ചയത്തെ മൂന്നായി തിരിച്ചിരിക്കുന്നു - എട്ടുതൊകൈ, പത്തുപ്പാട്ട്, പതിനെൻകീഴ് കണക്ക്, ഇവയ്ക്കൊപ്പം തൊൽക്കാപ്പിയം എന്ന വ്യാകരണ ഗ്രന്ഥവും ചിലപ്പതികാരം, മണിമേഖല എന്നീ കാവ്യങ്ങളും കൂടിച്ചേരുമ്പോൾ സംഘസാഹിത്യം പൂർണ്ണമാകുന്നു.
എട്ടുതൊകൈ
ഒറ്റപ്പെട്ട ചെറിയ ഭാവഗീതങ്ങളുടെ സമാഹാരങ്ങളാണ് എട്ടുതൊകൈ. 'തോകൈ' എന്നാൽ സമാഹാരം. പുറനാനൂറ് , അകനാനൂറ്, പതിറ്റുപത്ത്, കുറുന്തൊകൈ, കാലിത്തൊകൈ, ഐങ്കറുനൂറ്, നറ്റിണൈ, പരിപാടൽ എന്നിവയാണ് എട്ടുതൊകൈ'യുടെ ഉള്ളടക്കം.
പത്തുപ്പാട്ട്
പത്തുപാട്ടിൽ' പോകുനരാറ്റുപ്പടൈ, പെരുമ്പനാട്ടുപ്പടൈ, ചിറുപണാറ്റുപ്പടൈ, പട്ടിനിപാലൈ, മതുരൈക്കഞ്ചി തുടങ്ങി 10 കവിതാസമാഹാരങ്ങളുണ്ട്.
തിരുക്കൂറൽ, നാലടിയാർ, കളവഴി നാർപ്പത് തുടങ്ങിയവ പതിനെൻകീഴു കണക്കിൽ പെടുന്നു. തികച്ചും കേരളീയമായ സംഘകാലകൃതികളുണ്ട്. പതിറ്റുപ്പത്ത്, ഐങ്കറെനൂറ്, പുറപ്പൊരുൾ, വെൺപാമാല, തിരുക്കുറൽ, തകളൂർ യാത്ര, ചിലപ്പതികാരം, മുതുമൊഴിക്കൊഞ്ചി, തിരുക്കടുക്കം, മലൈപ്പാടുകടാം എന്നിവയാണവ.
തിണകൾ അഞ്ച്
സംഘകാല തിണകൾ അഞ്ചു വിധത്തിലുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകതകളുമായി ബന്ധപ്പെട്ടാണ് ഈ വിഭജനം. പർവ്വതപ്രദേശം (കുറിഞ്ചി), ഫലപുഷ്ടിയില്ലാത്ത ഊഷരഭൂമി (പാലൈ), കുന്നുകളും താഴ്വരകളും ചേർന്ന പ്രദേശം (മുല്ലൈ), നദീതട സമതലപ്രദേശം (മരുതം), സമുദ്രതീര പ്രദേശം (നെയ്തൽ) എന്നിവയാണ് അഞ്ച് തിണകൾ.
കുറിഞ്ചി
വനമേഖലയ്ക്കടുത്തുള്ള മലകൾ, കുന്നുകൾ, കാടുകൾ എന്നിവ ഉൾപ്പെട്ട പ്രദേശം. കുറിഞ്ചി നിലത്തുള്ള വേട്ടുവരും കുറവരും അമ്പും വില്ലുമുപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്നു. കുറിഞ്ചിക്ക് തമിഴിൽ മാള എന്നാണർത്ഥം. കുറിഞ്ചി പൂവും മുരുകനുമാണ് കുറിഞ്ചി തിണയുടെ ചിഹ്നങ്ങളായി സംഘ സാഹിത്യത്തിലുള്ളത്. ദൈവം മുരുകവേൽ അഥവാ വേലായുധൻ. വള്ളിയായിരുന്നു മുരുകന്റെ പത്നി.
കുറിഞ്ചിത്തിണയിലെ നായകനു ചിലമ്പൻ, വേർപ്പൻ, പൊരുപ്പൻ എന്നീ പേരുകളാണുള്ളത്. ഇവയെല്ലാം ചേർന്ന് കുറവൻ എന്ന് പൊതുനാമം നൽകിയിരിക്കുന്നു. കുറവവംശത്തിലെ വിവിധ ഉപഗോത്രങ്ങളിൽ പുലയരും ഉൾപ്പെട്ടിരുന്നു. കുറവൻ എന്ന നായകന്റെ നായിക കൊടിച്ചി അഥവാ കുറത്തി, കുറവൻ നല്ല വേട്ടക്കാരനും വില്ലാളികളുമായിരുന്നു. ഇവരിൽ 'യാഴ്' (വീണ) ഉപയോഗിച്ച് പാടുന്നവരിൽ വിദഗ്ദ്ധർ പാണർ എന്നറിയപ്പെട്ടു. കുറിഞ്ചിയുടെ മരം വേങ്ങ. കുറിഞ്ഞി, കാന്താൾ, ചുനയ്കൂവള എന്നീ വൃക്ഷങ്ങളും ഈ നിലവുമായി ബന്ധപ്പെട്ടതാണ്. വിവിധ തരത്തിലുള്ള പക്ഷി മൃഗാദികൾ ഈ തിണയിൽ ഉണ്ടായിരുന്നു. വേട്ട തൊഴിലാക്കിയവരായിരുന്നു വേട്ടുവർ.
വനവിഭവശേഖരണവും തിന, മുള, നെല്ലി എന്നിവ കൃഷി ചെയ്യലും മൃഗവേട്ടയുമായിരുന്നു കുറിഞ്ചിയിലെ ജനങ്ങളുടെ തൊഴിൽ. പുരോഹിതനും മന്ത്രവാദിയുമായിരുന്ന ആൾ 'വേലർ' എന്ന് വിളിക്കപ്പെട്ടു.
കുറിഞ്ചിത്തിണകളിലെ മലകളെപ്പറ്റി അകം കവിതകൾ വർണാഭമായി പരാമർശിക്കുന്നുണ്ട്. അർദ്ധരാത്രികളിൽ കമിതാക്കൾ ഇവിടത്തെ മലനിരകളിൽ സംഗമിച്ചിരുന്നുവത്രെ. മുരുകന്റെയും വള്ളിയുടെയും പ്രേമം പോലെയായിരുന്നു കുറിഞ്ചി തിണയിലെ പ്രണയവും തടാകങ്ങളും വെള്ളച്ചാട്ടവും ചന്ദനവും തേനീച്ചകളും നിറഞ്ഞ കുറിഞ്ചി തിണയെപ്പറ്റി ഏറെ വർണനകളുണ്ട്. മയിലുകളുടെ നൃത്തവും കരച്ചിലും മഞ്ഞും തണുപ്പും വെള്ളച്ചാട്ടത്തിന്റെ ഇരമ്പലും കാട്ടുമൃഗങ്ങളുടെ അലർച്ചയും കവിതകളിൽ പശ്ചാത്തലമായിട്ടുണ്ട്. എങ്കിലും ഇവയൊന്നും പരിഗണിക്കാതെ കമിതാക്കൾ പരസ്പരം ആലിംഗനം ചെയ്യുകയും പ്രേമസാക്ഷാത്കാരത്തിനായി പ്രതിബന്ധങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നതിനായി അകം കവികൾ വാഴ്ത്തുന്നു.
പാലൈ
മലകളിൽ തന്നെയുള്ള ജല ദൗർലഭ്യമുള്ള പ്രദേശങ്ങളാണ് പാലത്തിണ. മറവരും എയ്നരും ഇവിടത്തെ നിവാസികൾ. വരണ്ട മണൽക്കാടാണ് ഈ പ്രദേശം. വാസസ്ഥാനമായ ഗ്രാമത്തിനു കറുമ്പു, പറന്തല എന്നിങ്ങനെ പേരുകൾ. പാലനിലത്തിലൂടെ ഇതര തിണവാസികൾ സഞ്ചരിച്ചിരുന്നു. കൃഷിക്കസാധ്യമായിരുന്നതിനാൽ അവരെ കൊള്ളയടിക്കുന്നതിന് പുറമെ മറ്റു തിണകളിൽ കടന്നു ചെന്ന് അവിടെയും കൊള്ള നടത്തിയിരുന്നു. കൊള്ളയടിച്ചു കിട്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് ഭക്ഷിച്ചിരുന്നത്. അവരുടെ ജീവിത പശ്ചാത്തലത്തിനിണങ്ങിയ കാലം വേനൽക്കാലവും സമയം നട്ടുച്ചയുമായിരുന്നു. പാലൈത്തിണയിൽ മൃഗങ്ങൾ ആരോഗ്യം നഷ്ടപ്പെട്ട അവശരായ ആന, പുലി, ചെന്നായ് എന്നിവയാണ്. യാത്രക്കാരെയും ഗ്രാമവാസികളെയും കവർച്ചയ്ക്കിടയിൽ വധിച്ചിരുന്നു. അത്തരം ശവങ്ങളാണ് മൃഗങ്ങൾക്ക് ഭക്ഷണമായി കിട്ടിയിരുന്നത്.
ദേവത, കൊറ്റവൈ, അത് യുദ്ധ ദേവതയായിരുന്നു. മഴ കുറവുള്ളതും തരിശുമായ പല നിലങ്ങളിൽ ഇരുപ്പ,പാല, കള്ളി, ഉഴിഞ്ഞ എന്നീ മരങ്ങൾ വളർന്നിരുന്നു. ഫല വൃക്ഷങ്ങൾ ഉണ്ടായിരുന്നില്ല. കഴുകൻ, പരുന്ത്, എരുമ, പ്രാവ് എന്നിവയാണ് ജീവിവർഗം. പാലയിലെ നായകൻ മിളി, വിടല, കാള എന്നെല്ലാം വിളിക്കപ്പെട്ടു. നായിക പോതൈ അഥവാ എയ്റ്റികൾ, മറവർ പോരാളികളും യുദ്ധത്തിൽ മരിക്കുന്നതിൽ അഭിമാനം കൊണ്ടിരുന്നവരുമാണ്. പറയും തുടിയുമായിരുന്നു വാദ്യോപകരണങ്ങൾ. 'വോട്ടുവ വരി' 'തുണങ്ക കൂത്ത് എന്നിവ നൃത്തരൂപങ്ങൾ.
മുല്ലൈ
മുല്ലൈ തിണയുടെ പ്രദേശം കാടും കാടുചേർന്ന ഇടവുമാണ്. പുൽ മേടുകളാണ് ഏറെയുള്ളത്. പുഷ്പം മുല്ല തന്നെ. തോന്ടി, കാന്തൾ പിടലം. കളവം, കല്ല എന്നീ മറ്റു പൂവുകളും ഉണ്ട്. ആയർ അഥവാ ഇടയരാണ് പ്രധാന ജനവിഭാഗം. 'ആയ് ചിയാർ എന്ന ഇടച്ചികളുണ്ട്. പ്രധാന തൊഴിൽ കാലിമേക്കലായിരുന്നു. അവരിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളുണ്ടായിരുന്നു. കാലി മേക്കുന്നവർ കൂവലർ, പശുവിൻ പാലിൽ നിന്ന് നെയ്യുണ്ടാക്കുന്നവർ ആന്ദർ , ആടുമേക്കുന്നവർ ഇടയർ.
മുല്ലൈ നിലക്കാർ താമസിച്ചിരുന്ന സ്ഥലങ്ങൾ പാടി, ചേരി, പള്ളി, എന്നിങ്ങനെ അറിയപ്പെട്ടു. നായകൻ കുറുമ്പൊറൈ നാടനാണ്.തോന്ടൽ ,അണ്ണൽ എന്നിവരും ഇവിടത്തെ മറ്റു നായകന്മാരാണ്. നായികയെ കിഴന്തി അഥവാ മനൈവി എന്നു വിളിച്ചിരുന്നു. കൊന്ന, കരുന്ത്, കായാവ് എന്നിവ വൃക്ഷങ്ങൾ. കുറിഞ്ചിയിലെന്ന പോലെ മുല്ലൈയിലെയും പക്ഷി മയിലാണ്. ഏറുകൊട് പറ, മുരച്ച് എന്നിവ വാദ്യോപകരണങ്ങൾ. മുയലും ചെറുമാനുമാണ് മൃഗങ്ങൾ. വരകും മുതിരയും ചാമയും കാർഷികവിളകൾ, ദൈവം മായോൻ അഥവാ വിഷ്ണു.
ഏറ്റവും മുഷ്ക്കുള്ള കാളയെ മെരുക്കുന്നവന്ടെ പ്രിയതമയ്ക്ക് ഇടയർക്കിടയിൽ വലിയ മതിപ്പ് ലഭിച്ചിരുന്നു. ഇത് പരാക്രമിയായ ഇടയന് ധാരാളം ആരാധകരെ സൃഷ്ടിച്ചിരുന്നു. അയാൾ സ്വാഭാവികമായും ഇടയനേതാവാവുകയും ചെയ്യാറുണ്ട്. ധനസമ്പാദനത്തിനോ രാജ്യകാര്യ ത്തിനോ വേണ്ടി ഭർത്താക്കന്മാരും കാമുകരും വിദേശത്തു പോയതായി വർണ്ണനകളുണ്ട്. ഇടയർ നല്ല പോരാളികളും സാഹസികരുമായിരുന്നു.
മരുതം
നദീതട പ്രദേശങ്ങളാണ് മരുതനിലങ്ങൾ. എക്കൽ കയറി ഫലഭൂയിഷ്ടമായ മണ്ണും ജലസേചന സൗകര്യങ്ങളും കൊണ്ട് അനുഗൃഹീതമാണ് മരുതം. പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങളാണ് ഇത്. ആമ്പലും താമരയും നിറഞ്ഞ പൊയ്കകൾ, നെൽപ്പാടങ്ങൾ എന്നിവ പ്രത്യേകതകളാണ്.
വേന്തനാണ് ദൈവം. ഇന്ദ്രനാണെന്നാണ് വ്യാഖ്യാനം. ഭക്ഷണം ചുവന്നതും വെളുത്തതുമായ നെല്ല്, ചെഞ്ഞെല്ലും വെൺ നെല്ലും എന്ന് സംഖപ്പാട്ടിൽ പറയുന്നു. ജനങ്ങൾ പ്രധാനമായും ഉഴവരാണ്. കർഷകർ എന്ന് പൊതുവെ പറയാം. കടൈയർ എന്നൊരു കൂട്ടരുമുണ്ടായിരുന്നു.
നീർക്കോഴി, താറാവ്,ഞാറ തുടങ്ങിയവ പക്ഷികൾ, കൃഷിക്കൊപ്പം കാലികളെയും വളർത്തിയിരുന്നു. ഒറ്റപ്പെട്ട വീടുകളിലായിട്ടാണ് പാർത്തിരുന്നത്.
പട്ടണങ്ങളും നഗരങ്ങളും ആദ്യമായി രൂപം കൊണ്ടത് മരുതനിലങ്ങളിലാണ്. ഉഴവരുടെ ഗ്രാമങ്ങൾ ഊരുകൾ എന്നറിയപ്പെട്ടു. പരിഷ്കാരത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമായതും മരുതനിലങ്ങളിലാണ്. ഏറ്റവും വലിയ ന്യൂനത അസംഘടിതമായ സാമൂഹിക ഘടനയും ആയുധ പ്രയോഗത്തിലുള്ള വൈമുഖ്യവും ആയിരുന്നു. പുഷ്പം താമരയും ചെങ്കഴി നീരുമായിരുന്നു. മരുതപ്പാട്ടുകളിൽ ഏറെ പ്രസിദ്ധം 'നക്കിരന്റെ തലയാലങ്കാനത്തെ യുദ്ധം' ആണ്.
നെയ്തൽ
തീരപ്രദേശങ്ങളാണ് നെയ്തൽ എന്നറിയപ്പെട്ടത്. മീൻ പിടിത്തമായിരുന്നു മുഖ്യ തൊഴിൽ. മീനവർ, പരതവർ, നുളയർ എന്നിവരാണ് നിവാസികൾ. അവർ ചെറുകുടിലുകളിലും കലമേറ് പട്ടിനം, പാക്കം എന്നെല്ലാം അറിയപ്പെടുന്നിടങ്ങളിലും പാർത്തിരുന്നു. ഉപ്പു കുറുക്കലും നടത്തിയിരുന്നു. മീനും മീൻ വിറ്റ് വാങ്ങുന്ന നെല്ലും ആഹാരം. അന്നം, കടൽക്കാക്ക, കെന്റിൽ, അന്നൽ എന്നിവയാണ് പക്ഷികൾ. പുന്നയായിരുന്നു പ്രധാന വൃക്ഷം. ഞാഴ, കണ്ടൽ, കൈത എന്നിവയും ഉണ്ടായിരുന്നു. നെയ്തലിന്ടെ നായകൻ തുറൈവൻ. കോൺകൻ, ചേർപ്പൻ പുലമ്പൻ എന്നിങ്ങനെയും നായകർ വിളിക്കപ്പെട്ടു. തുറൈവനും കോൺകനും കടപ്പുറത്തുകാരൻ എന്നർത്ഥമാണുള്ളത്. നായികാ നുളച്ചി, പരത്തി എന്നിവരാണ്. പരതരുടെ സ്ത്രീകളാണ് പരത്തികൾ. നുളയന്ടെ സ്ത്രീ നുളച്ചി. കുളത്തിൽ നിന്നും നദിയിൽ നിന്നും മീൻ പിടിക്കുന്നത് മുകയരാണ്. സ്രാവ്, മുതല എന്നിവയായിരുന്നു മൃഗം, ഉപ്പു കുറുക്കുന്നവർ ഉമണർ എന്ന് വിളിക്കപ്പെട്ടു. അവരുടെ സ്ത്രീകൾ ഉമതിയാർ.
0 Comments