Advertisement

views

Kerala PSC | Kidneys | വൃക്കകൾ | Study Notes

Kerala PSC | Kidneys | Study Notes

വൃക്കകൾ

വൃക്കകൾ പ്രധാന വിസർജനാവയവങ്ങളാണ്. യൂറിയ, വിറ്റാമിനുകൾ, ലവണങ്ങൾ, ശരീരത്തിന് ദോഷകരമായ മറ്റു പദാർത്ഥങ്ങൾ എന്നിവയെ രക്തത്തിൽ നിന്ന് അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നത് വൃക്കകളാണ്.

വൃക്ക മാറ്റി വെയ്ക്കൽ

  1. രക്തം ശുദ്ധീകരിക്കുന്നതിന് ആരോഗ്യമുള്ള ഒരു വൃക്ക മതിയാകും. എന്നാൽ ഒരു വ്യക്തിയുടെ രണ്ട് വൃക്കകളും പൂർണ്ണമായും തകരാറിലാകുമ്പോൾ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മറ്റൊരാളിൽ നിന്ന് പ്രവർത്തന ക്ഷമമായ ഒരു വൃക്ക സ്വീകരിക്കേണ്ടി വരും. പൂർണാരോഗ്യവാനായിരിക്കെ അപകടത്തിലോ മറ്റോ പെട്ട് മരിക്കുന്നയാളുടെയോ പൂർണാരോഗ്യവാനായ ഒരാളുടെയോ വൃക്ക രക്ത ഗ്രൂപ്പുകളുടെയും കലകളുടെയും പൊരുത്തമനുസരിച്ച് മാറ്റി വെയ്ക്കാവുന്നതാണ്.

  2. വൃക്ക മാറ്റിവെയ്ക്കുമ്പോൾ പ്രവർത്തന രഹിതമായ വൃക്കകൾ നീക്കം ചെയ്യുന്നില്ല. പകരം പുതിയ വൃക്ക പഴയ വൃക്കയുടെ ചുവടെ സ്വീകർത്താവിന്റെ വൃക്ക ധമനിയുമായും വൃക്കസിരയുമായും ബന്ധിപ്പിക്കുന്നു. പുതിയ വൃക്കയുടെ മൂത്രവാഹി സ്വീകർത്താവിന്റെ മൂത്ര സഞ്ചിയുമായി ബന്ധിപ്പിക്കുന്നു. ഡോ.ജോസഫ് ഇ.മുറെയാണ് ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യത്തെ കൃത്രിമവൃക്ക രൂപകല്പന ചെയ്തത് ഡച്ച് ഡോക്ടറായ വില്യം ജോഹാൻ കോഫ് ആണ്.

ഹീമോഡയാലിസിസ്

വൃക്കകൾ തകരാറിലാകുന്ന അവസ്ഥയിൽ കൃത്രിമ വൃക്കയിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്.
  1. ധമനിയിൽ നിന്ന് മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം ഡയാലിസിസ് യൂണിറ്റിലേക്ക് കടത്തി വിടുന്നു. രക്തം കട്ട പിടിക്കുന്നത് തടയുന്നതിന് ഹെപ്പാരിൻ ചേർക്കുന്നു.
  2. ഡയാലിസിസ് യൂണിറ്റിലൂടെ രക്തമൊഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഡിഫ്യുഷനിലൂടെ ഡയാലിസിസ് ദ്രാവകത്തിലേക്ക് വ്യാപിക്കുന്നു.
  3. ശുദ്ധീകരിക്കപ്പെട്ട രക്തം തിരികെ സിരകളിലേക്ക് കടത്തി വിടുന്നു.
  1. ബോമൻസ് ക്യാപ്സ്യൂൾ - നെഫ്രോണിന്ടെ ഒരറ്റത്തുള്ള ഇരട്ട ഭിത്തിയുള്ള കപ്പു പോലുള്ള ഭാഗം ഭിത്തികൾക്കിടയിലുള്ള ക്യാപ്സ്യൂൾ സ്പേസ്.
  2. ഇഫറന്റ് വെസൽ - ബോമൻസ്‌ ക്യാപ്സ്യൂളിനുള്ളിൽ നിന്ന് പുറത്തേക്ക് വരുന്ന രക്തക്കുഴൽ.
  3. അഫറന്റ് വെസൽ - ബോമൻസ്‌ ക്യാപ്സ്യൂളിനുള്ളിലേക്ക് പ്രവേശിക്കുന്ന വൃക്കാധമനിയുടെ ശാഖ.
  4. ഗ്ലോമറൂലസ് - അഫറൻറ് വെസൽ ബോമൻസ് ക്യാപ്സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്മ ലോമികകളായി മാറിയ ഭാഗം.
  5. വൃക്കാനളിക - ബോമൻസ് ക്യാപ്സ്യൂളിനേയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന നീണ്ട കുഴൽ.
  6. ബാഹ്യനാളികാ ലോമികാ ജാലകം - ഇഫറൻറ് വെസലിന്ടെ തുടർച്ചയായി വൃക്കാനളികയ്ക്ക് ചുറ്റും കാണപ്പെടുന്ന രക്ത ലോമികകൾ.
  7. ശേഖരണ നാളി - വൃക്കാനളികകൾ വന്നു ചേരുന്ന ഭാഗം ജലത്തിന്റെ ആഗിരണം നടക്കുന്നു. മൂത്രം ശേഖരിച്ച് പെൽവിസിലെത്തിക്കുന്നു.

മൂത്രം രൂപപ്പെടൽ

മഹാധമനിയുടെ ശാഖയായ വൃക്കാധമനി വഴി ഉയർന്ന മർദ്ദത്തിലുള്ള രക്തം വൃക്കകളിൽ എത്തുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം വൃക്കാസിര വഴി മഹാസിരയിലേക്കെത്തുന്നു. വൃക്കകളിൽ രൂപപ്പെടുന്ന മൂത്രം മൂത്രവാഹികൾ വഴി മൂത്രസഞ്ചിയിലെത്തുന്നു.അവിടെ നിന്നും മൂത്ര നാളി വഴി.

സൂക്ഷ്മ അരിക്കൽ

രക്തം ഗ്ലോമറൂലസിലൂടെ ഒഴുകുമ്പോൾ അതിലെ സുഷിരങ്ങളിലൂടെ സൂക്ഷ്മ അരിക്കലിന് വിധേയമാകുന്നു. അഫറൻറ് വെസലും ഇഫറൻറ് വെസലും തമ്മിലുള്ള വ്യാസവ്യത്യാസം ഗ്ലോമറൂലസിൽ സൃഷ്ടിക്കുന്ന ഉയർന്ന മർദ്ദം ഈ പ്രക്രിയയെ സഹായിക്കുന്നു. ഇതിന്ടെ ഫലമായി രൂപം കൊള്ളുന്ന ഗ്ലോമറൂലാർ ഫിൽട്രേറ്റ് ക്യാപ്സ്യൂൾ സ്പെയിസിൽ ശേഖരിക്കുന്നു.

ഗ്ലോമറൂലാർ ഫിൽട്രേറ്റിലെ ഘടകങ്ങൾ

  1. ജലം
  2. ഗ്ലൂക്കോസ്
  3. അമിനോ ആസിഡുകൾ
  4. സോഡിയം, പൊട്ടാസ്യം, കാൽസ്യം അയോണുകൾ, വിറ്റാമിനുകൾ.
  5. യൂറിയ, യൂറിക്ക് ആസിഡ്, ക്രിയാറ്റിനിൻ തുടങ്ങിയവ.

1.5 ലിറ്റർ മൂത്രം ഉണ്ടാകാൻ

ശരീരത്തിലുള്ള രക്തം മുഴുവനും 24 മണിക്കൂറിനുള്ളിൽ 350 തവണയെങ്കിലും വൃക്കകളിലൂടെ കടന്നു പോകുന്നുണ്ട്. 1800 ലിറ്റർ രക്തം അരിച്ചാണ് 170 ലിറ്റർ ഗ്ലോമറൂലാർ ഫിൽട്രേറ്റ് ഉണ്ടാകുന്നത്. ഒരു മിനിറ്റിൽ ഏകദേശം 127 മില്ലി ലിറ്റർ ഗ്ലോമറൂലാർ ഫിൽട്രേറ്റ് രൂപപ്പെടുന്നു. അതിൽ നിന്ന് ഏകദേശം 126 മില്ലി ലിറ്ററും രക്തത്തിലേക്ക് പുനരാഗിരണം ചെയ്യപ്പെടുന്നു.തത്‌ഫലമായി 170 ലിറ്റർ ഫിൽട്രേറ്റിൽ നിന്ന് 1.5 ലിറ്റർ മൂത്രമുണ്ടാകുന്നു.

പുനരാഗിരണവും സ്രവണവും

ഗ്ലോമറൂലാർ ഫിൽട്രേറ്റ് വൃക്കാനളികയിലൂടെ ശേഖരണ നാളിയിലേക്ക് ഒഴുകുമ്പോൾ അവശ്യവസ്തുക്കൾ ബാഹ്യ നളികാലോമികാജാലത്തിലേക്ക് പുനരാഗിരണം ചെയ്യുന്നു. സൂക്ഷ്മ അരിക്കലിന് ശേഷവും രക്തത്തിൽ അധികമായി അവശേഷിക്കുന്ന ചില ഘടകങ്ങൾ ലോമികാജാലത്തിൽ നിന്ന് വൃക്കാനളികയിലേക്ക് സ്രവിക്കപ്പെടുന്നു.

ജലത്തിന്ടെ ആഗിരണം

ശേഖരണ നാളിയിൽ വച്ച് ഗ്ലോമറൂലാർ ഫിൽട്രേറ്റിൽ നിന്ന് അധികമുള്ള ജലം ആഗിരണം ചെയ്യപ്പെടുന്നു. ശേഷിക്കുന്ന ഭാഗമാണ് മൂത്രം.

മൂത്രത്തിലെ ഘടകങ്ങൾ

  1. ജലം - 96%
  2. യൂറിയ - 2%
  3. സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, കാൽസ്യം ലവണങ്ങൾ, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ തുടങ്ങിയവ - 2%

അണുബാധ ഇല്ലാതാക്കുന്നതെങ്ങനെ?

മൂത്രം വൃക്കയിൽ നിന്ന് മൂത്രവാഹി വഴി മൂത്രസഞ്ചിയിലെത്തി താത്കാലികമായി സംഭരിക്കപ്പെടുന്നു. അത് നിറയുന്നതിനനുസരിച്ചു മൂത്രനാളി വഴി പുറന്തള്ളപ്പെടുന്നു. മൂത്രമൊഴിക്കുമ്പോൾ മൂത്രപഥത്തിലെ രോഗാണുക്കളെ കഴുകിക്കളയുക എന്ന പ്രവർത്തനം കൂടി നടക്കുന്നുണ്ട്.

ദീർഘനേരം മൂത്രമൊഴിക്കാതിരുന്നാൽ മൂത്രപഥത്തിലും മൂത്രാശയത്തിലും ഉണ്ടാകാനിടയുള്ള ബാക്ടീരിയകളെ പുറന്തള്ളാനുള്ള സാധ്യത തടയപ്പെടും. ഇത് മൂത്രാശയത്തിന്ടെ ആന്തര സ്തരത്തിൽ അണുബാധയുണ്ടാകും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്ര പഥത്തിലെ അണുബാധയ്ക്കുള്ള സാധ്യത കൂടുതൽ.

Post a Comment

0 Comments