Advertisement

views

Kerala PSC | National Income | ദേശീയ വരുമാനം | Study Notes

പ്രധാനമായും മൂന്ന് മേഖലകളിൽ നിന്നാണ് രാജ്യത്തിന് വരുമാനം ലഭിക്കുന്നത്. കാർഷിക മേഖല, വ്യവസായ മേഖല, സേവനമേഖല എന്നിവയാണിവ. ഈ മേഖലയിൽ ഒരു വർഷം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം പണത്തിൽ കണക്കാക്കുമ്പോൾ ലഭിക്കുന്നതാണ് ആ രാജ്യത്തിന്റെ ദേശീയ വരുമാനം.

ദേശീയ വരുമാനം കണക്കാക്കുന്നത് എന്തിന് ?

  1. സമ്പദ്ഘടനയിലെ വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന്.
  2. സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ പഠിപ്പിക്കുന്നതിന്.
  3. വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സർക്കാരിനെ സഹായിക്കുന്നതിന്.
  4. ഉത്പാദനം, വിതരണം, ഉപഭോഗം തുടങ്ങിയ സാമ്പത്തിക പ്രവർത്തനങ്ങളുടെ പരിമിതികളും മേന്മകളും കണ്ടെത്തുന്നതിന്.

മൊത്ത ദേശീയ ഉത്പന്നം
(Gross National Product - GNP)

മൊത്ത ദേശീയ ഉത്പന്നം എന്നത് ദേശീയ വരുമാനത്തിന്ടെ ഒരു പ്രധാന ആശയമാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന അന്തിമ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും (Final Goods and Services) അടിസ്ഥാനത്തിലാണ് മൊത്ത ദേശീയ ഉത്പന്നം കണക്കാക്കുന്നത്. ഉപഭോഗത്തിനായി ലഭ്യമാകുന്ന ഉത്പന്നമാണ് അന്തിമ ഉത്പന്നം.

അന്തിമ ഉത്പന്നങ്ങളുടെ പണമൂല്യമാണ് മൊത്തം ദേശീയ ഉത്പന്നം കണക്കാക്കുമ്പോൾ സ്വീകരിക്കുക. ഉത്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം (Money Value) ആണ് മൊത്ത ദേശീയ ഉത്പന്നം. ഒരു സാമ്പത്തിക വർഷത്തേക്കാണ് മൊത്ത ദേശീയ ഉത്പന്നം (GDP) കണക്കാക്കുന്നത്. ഇന്ത്യയിൽ ഏപ്രിൽ 1 മുതൽ 31 വരെയാണ് ഒരു സാമ്പത്തികവർഷം.

എന്താണ് അന്തിമ ഉത്പന്നം?

തുണി, നൂൽ ബട്ടൺസ് എന്നീ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് ഷർട്ട് നിർമിക്കുന്നു. ഇവിടെ ഉപഭോഗത്തിനുള്ള ഷർട്ട് ആണ് അന്തിമ ഉത്പന്നം. ഷർട്ടിന്റെ മൂല്യത്തിൽ ബട്ടൺസ്, തുണി തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ മൂല്യവും ഉൾപ്പെട്ടിരിക്കുന്നു.

നെറ്റ് നാഷണൽ പ്രൊഡക്റ്റ്
(Net National Product- NNP)

യന്ത്ര സാമഗ്രികളും മറ്റ് സാധനങ്ങളും ഉപയോഗിക്കുമ്പോൾ പഴക്കം കൊണ്ട് തേയ്മാനം സംഭവിക്കുന്നു. ഈ തേയ്മാനം പരിഹരിക്കാനാവശ്യമായ ചെലവിനെ തേയ്മാനച്ചെലവ് (Depreciation charges) എന്ന് വിശേഷിപ്പിക്കുന്നു. ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഇത്തരം തേയ്മാനച്ചെലവുകൾ കുറയ്ക്കുമ്പോൾ ലഭ്യമാകുന്നതിനെയാണ് അറ്റ ദേശീയ ഉത്പന്നം (NNP) എന്ന് പറയുന്നത്. സാങ്കേതികമായി അറ്റ ദേശീയ ഉത്പന്നമാണ് ദേശീയവരുമാനമായി അറിയപ്പെടുന്നത്.

പ്രതിശീർഷ വരുമാനം
(Per Capita Income)

ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതാണ് പ്രതിശീർഷ വരുമാനം അല്ലെങ്കിൽ ആളോഹരി വരുമാനം. രാജ്യങ്ങളെ തമ്മിൽ താരതമ്യം ചെയ്യാനും രാജ്യങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാനും പ്രതിശീർഷ വരുമാനം സഹായിക്കുന്നു.

മൊത്ത ആഭ്യന്തര ഉത്പന്നം
(Gross Domestic Product-GDP)

മേഖലകൾ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന് ദേശീയ വരുമാനത്തിന്റെ ഏറ്റവും ഉചിതമായ ആശയമാണ് മൊത്ത ആഭ്യന്തര ഉത്പന്നം (GDP). ഒരു സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ (Domestic territory) ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പന്നം.

ജി.ഡി.പി.യിൽ ഉൾപ്പെടാത്തത്

  1. വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം.
  2. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം.
  3. ഒരു ഇന്ത്യൻ സ്ഥാപനം അമേരിക്കയിൽ പ്രവർത്തിക്കുന്നു. സ്ഥാപനത്തിന്റെ ലാഭം അമേരിക്ക ജി.ഡി.പി.യിലുൾപ്പെടുത്തുമ്പോൾ ഇന്ത്യ ജി.ഡി.പി.യിലാണ് ഉൾപ്പെടുത്തുന്നത്. അതായത് മൊത്ത ആഭ്യന്തര ഉത്പന്നം കണക്കാക്കുമ്പോൾ ഇത്തരം വരുമാനം ഒഴിവാക്കുന്നു.

ഉത്പാദന രീതി (Product Method)

പ്രാഥമിക-ദ്വിദീയ-തൃതീയ മേഖലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ഉത്പാദനരീതി. ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നും ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും വിലയിരുത്താൻ ഉത്പാദന രീതി സഹായകമാണ്.

വരുമാന രീതി (Income Method)

ഉത്പാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലമാണ് വരുമാനം. ഉത്പാദന ഘടകങ്ങളിൽ നിന്ന് ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന സമ്പ്രദായമാണ് വരുമാനരീതി. ഓരോ ഉത്പാദക ഘടകത്തിന്ടെയും ദേശീയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ ഈ രീതിയിലൂടെ സാധ്യമാണ്.

ചെലവുരീതി (Expenditure Method)

ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്നതാണ് ചെലവുരീതി. സാമ്പത്തിക ശാസ്ത്രത്തിൽ സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ചെലവിനൊപ്പം നിക്ഷേപവും ചെലവയാണ് കണക്കാക്കുന്നത്. ഉപഭോഗച്ചെലവും നിക്ഷേപവും ചെലവായാണ് കണക്കാക്കുന്നത്. ഉപഭോഗച്ചെലവും (Consumption Expenditure), നിക്ഷേപച്ചെലവും (Investment Expenditure), സർക്കാർ ചെലവും (Government Expenditure) കൂടിച്ചേരുമ്പോഴാണ് ആകെ ചെലവ് ലഭിക്കുന്നത്.

ദേശീയ വരുമാനം കണക്കാക്കുന്നതിലെ പ്രശ്‌നങ്ങൾ

  1. വിദ്യാഭ്യാസ യോഗ്യമായ സ്ഥിതി വിവരക്കണക്കിന്ടെ അഭാവം ദേശീയ വരുമാനം കണക്കാക്കുന്നതിന് വെല്ലുവിളിയാണ്.
  2. ഉത്പാദന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ ഒന്നിലധികം പ്രാവശ്യം സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം കണക്കാക്കപ്പെടും (Double Counting).
  3. വീട്ടമ്മമാരുടെ ഗാർഹിക ജോലി ദേശീയ വരുമാനത്തിൽ കണക്കാക്കുന്നില്ല.
  4. സ്വന്തം ഉപഭോഗത്തിന് മാത്രം ഉത്പാദിപ്പിക്കപ്പെടുന്നത് ദേശീയവരുമാനം കണക്കാക്കുമ്പോൾ പരിഗണിക്കാറില്ല. ഉദാ: വീട്ടിലെ പച്ചക്കറിത്തോട്ടം.
  5. ജനങ്ങളുടെ നിരക്ഷരതയും അറിവില്ലായ്മയും സ്ഥിതി വിവരക്കണക്ക് എടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
  6. സേവനങ്ങളുടെ പണമൂല്യം കണക്കാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ശരിയായ ദേശീയ വരുമാനം കണക്കാക്കുന്നതിനെ ബാധിക്കുന്നു.
  7. ഉപഭോക്താക്കൾ അവരുടെ ചെലവ് കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാറില്ല.

വിജ്ഞാന സമ്പദ്‌വ്യവസ്ഥ

സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായി പ്രയോഗിക്കുന്ന മേഖലയാണ് അറിവധിഷ്ഠിത മേഖല. ആധുനിക സാങ്കേതിക വിദ്യയും വിവര വിനിമയ സാധ്യതകളും ഇന്ന് വിജ്ഞാന സമ്പദ് വ്യവസ്ഥ എന്ന തലത്തിൽ വളർന്നു വികസിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, നൂതന സാങ്കേതികാശയങ്ങളുടെ പ്രയോഗം (Innovation), വിവര വിനിമയ സാങ്കേതിക വിദ്യ (Information and Communication Technology) എന്നിവയാണ് വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. ബൗദ്ധിക മൂലധനത്തിന്റെ (Intellectual Capital) ഉത്പാദനവും ഉപഭോഗവുമാണ് ഈ സമ്പദ് ക്രമത്തിൽ പ്രധാനമായും നടക്കുന്നത്. ബൗദ്ധിക മൂലധനം കാണാൻ കഴിയാത്ത ആസ്തിയാണ്. ഒരു സംരംഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവിനെയാണ് ബൗദ്ധിക മൂലധനം എന്ന് വിശേഷിപ്പിക്കുന്നത്.

വിജ്ഞാന സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആദ്യമായി എഴുതിയത് ഓസ്ട്രിയൻ ധനതത്വശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് മാക് ലപ്പാണ്. 1962 -ൽ അദ്ദേഹം അമേരിക്കയിൽ വിജ്ഞാനത്തിന്റെ ഉത്പാദന, വിതരണത്തെക്കുറിച്ച് പഠനം നടത്തി. ഈ പഠനമാണ് വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന ആശയത്തിലേക്ക് വഴി തുറന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥ എന്ന പദത്തിന് പ്രശസ്തി നേടിക്കൊടുത്തത് പീറ്റർ ഡ്രക്കർ രചിച്ച 'ദി ഏജ് ഓഫ് ഡിസ്‌കണ്ടിന്യുറ്റി' എന്ന പുസ്തകമാണ്.

ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള വെല്ലുവിളികൾ.

ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസിയാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (CSO) . മുഖ്യമായും സർക്കാരിന്റെ ആസൂത്രണ-വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് CSO കണക്കെടുപ്പ് നടത്തുന്നത്. ജനങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴിൽ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാൻ CSO-യുടെ ദേശീയ വരുമാന കണക്കുകൾ സഹായിക്കുന്നു. ഉത്പാദന രീതി, വരുമാന രീതി, ചെലവുരീതി എന്നീ മൂന്ന് രീതികളും ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കാൻ ഉപയോഗിക്കുന്നു.

Post a Comment

0 Comments