വി.പി. അപ്പുക്കുട്ടൻ പൊതുവാൾ
ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായി പങ്കെടുക്കുകയും കഴിഞ്ഞ എട്ട് പതിറ്റാണ്ടായി ദുർബല വിഭാഗങ്ങളുടെ ജീവിത ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത പയ്യന്നൂർ സ്വദേശി വി.പി. അപ്പുക്കുട്ടൻ പൊതുവാളിന് കേന്ദ്രസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.
1934 ജനുവരി 12 ന് പയ്യന്നൂരിൽ വെച്ച് മഹാത്മാഗാന്ധിയെ കാണാനിടയായത് ശ്രീ.പൊതുവാളിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അപ്പോൾ അദ്ദേഹത്തിന് 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
1942-ൽ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. സമരസമിതിയുടെ നിർദ്ദേശപ്രകാരം തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർത്ഥി സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെത്തുടർന്ന് 1943-ൽ അറസ്റ്റിലാവുകയും കണ്ണൂർ സബ്ജയിലിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി കോടതി വിട്ടയച്ചു.
1944-ൽ അഖില ഭാരതീയ ചർക്ക സംഘത്തിന്റെ കേരള ശാഖയിൽ ചേർന്നു. 1947 മുതൽ മദ്രാസ് സർക്കാരിന്റെ കീഴിൽ പയ്യന്നൂരിലെ ഊർജിത്ത് ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മീഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു.
കാലടിയിൽ നടന്ന സർവോദയ സമ്മേളനത്തിന്റെ ഓഫീസ് ചുമതല വഹിച്ചിരുന്നത് പൊതുവാൾ ആയിരുന്നു. തുടർന്ന് വിനോഭ ഭാവെ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം ഭൂധാൻ പദയാത്രയിൽ പങ്കെടുത്തു. ഗാന്ധി മെമ്മോറിയൽ ഫണ്ട് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഓഫീസർ, ഭാരതീയ സംസ്കൃത പ്രചാരസഭയുടെ പ്രസിഡന്റ്, സംസ്കൃത മഹാവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
0 Comments